നിലന്പൂർ: മിനി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാലിയാർ അകന്പാടം കണ്ണംകുണ്ട് സ്വദേശി ചെന്പ്രൻ വീട്ടിൽ മണി എന്ന രാമൻ (58) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന അകന്പാടം സ്വദേശി മഞ്ഞകണ്ടൻ ഉമ്മറിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.40 ഓടെ നിലന്പൂർ ജ്യോതിപ്പടിക്ക് സമീപം മിനി ബൈപാസ് റോഡിലാണ് അപകടം. കാരാട് ഭാഗത്തുനിന്ന് നിലന്പൂർ ബസ് സ്റ്റാൻഡിലേക്ക് മിനി ബൈപാസ് റോഡിലൂടെ വരികയായിരുന്ന മിനി ബസും നിലന്പൂർ ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്ന് ജ്യോതിപ്പടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.
ബൈക്കിന്റെ പിറകിലിരുന്ന മണി എന്ന രാമൻ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഞായറാഴ്ച മരം മുറിക്ക് ഇടയിൽ രാമന്റെ കണ്ണിൽ കന്പ് കൊണ്ട് പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ഡോക്ടറെ കാണാൻ കൂട്ടുകാരനായ ഉമ്മറിനൊപ്പം എത്തിയതായിരുന്നു.
ഡോക്ടറെ കണ്ടശേഷം ബൈക്കിൽ പെട്രോൾ അടിക്കാൻ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. നിലന്പൂർ പോലീസ് ഇൻസ്ക്വസ്റ്റ് നടത്തി മൃതദേഹം നിലന്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: പുഷ്പ. മക്കൾ: മിഥുൻ. നീതു. മരുമക്കൾ. സന്തോഷ്, രേണുഷ.